അദാനി ഗ്രൂപ്പിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബർഗ് റിസർച്ച്. അദാനിയുടെ അഞ്ച് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായുള്ള 310 ദശലക്ഷം ഡോളർ സ്വിറ്റ്സർലന്‍ഡ് അധികൃതർ മരവിപ്പിച്ചതായി പുതിയ റിപ്പോർട്ട്. എക്‌സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.
സ്വിസ് മാധ്യമമായ ഗോതം സിറ്റിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഹിൻഡൻബർഗിന്‍റെ വെളിപ്പെടുത്തൽ. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കടപ്പത്രം ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ 2021 മുതൽ നടന്ന അന്വേഷണത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. വാർത്ത വ്യാജമാണെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന വിശദീകരണം.സ്വിസ് മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ട് പ്രകാരം, ഹിന്‍ഡന്‍ബർഗ് റിസർച്ച് അദാനിക്കെതിരെ ആദ്യ ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് തന്നെ ജെനീവ പബ്ലിക് പ്രോസിക്യൂട്ടർ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകളില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
മാധ്യമങ്ങളില്‍ വാർത്ത വന്നതിനു പിന്നാലെ സ്വിറ്റ്സർലന്‍ഡ് അറ്റോർണി ജനറല്‍ അരോപണങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. 2023 ജനുവരിയിലാണ് ഷോർട്ട് സെല്ലർമാരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം.
റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാര്‍ക്കറ്റ് റെഗുലേറ്റര്‍മാരായ സെബി ഹിന്‍ഡന്‍ബര്‍ഗ് റിസെർച്ച്, അദാനി ഗ്രൂപ്പ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിനെതിരെ നടപടികളൊന്നും തന്നെയുണ്ടായില്ല. വിവാദങ്ങളെ തുടർന്ന്, ഇത്തരം റിപ്പോര്‍ട്ടുകളോട് ശ്രദ്ധയോടെ വേണം പ്രതികരിക്കാനെന്നായിരുന്നു സെബി നിക്ഷേപകരെ അറിയിച്ചത്.