മണിപ്പൂർ കലാപം; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രം
അഡ്മിൻ
മണിപ്പൂർ കലാപത്തിലെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അജയ് ലാംബയുടെ കമ്മിറ്റി വൈകുന്നതിനെ തുടർന്നാണ് നടപടി. നവംബർ 20ന് മുൻപ് റിപ്പോർട്ട് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലത്തിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു.
കഴിഞ്ഞവർഷം മുതൽ മണിപ്പൂരിനെ രക്തരൂക്ഷിതമാക്കിയ കലാപത്തെ കുറിച്ചന്വേഷിക്കാനാണ് ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിൽ 2023 ജൂണിൽ കമ്മീഷൻ രൂപീകരിച്ചത്. റിട്ടയേഡ് ഐഎഎസ് ഓഫീസർ ഹിമാൻഷു ശേഖർ ദാസ്, റിട്ടയേർഡ് ഐപിഎസ് ഓഫീസർ അലോക പ്രഭാകർ എന്നിവരാണ് കമീഷനിലെ മറ്റ് അംഗങ്ങൾ.
ഗോത്ര വിഭാഗങ്ങളായ മെയ്തെയും കുക്കിയും തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണവും വ്യാപനവും സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആറ് മാസത്തിനുള്ളിലായിരുന്നു കമീഷൻ സമർപ്പിക്കേണ്ടിരുന്നത്. അതായത് ആദ്യ സിറ്റിംഗ് മുതൽ ആറ് മാസക്കാലയളവില്‍. എന്നാൽ ഇതുവരെയും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും സമയം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
2024നവംബർ 20ന് മുൻപ് റിപ്പോർട്ട് കൈമാറണമെന്നാണ് സർക്കാരിന്റെ പുതിയ വിജ്ഞാപനം. കഴിഞ്ഞ വർഷം മെയ് മൂന്നിനാണ് സംവര വിഷയത്തെ ചൊല്ലി മെയ്‌തേയ്- കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതും പിന്നീട് വർഗീയ കലാപമായി പരിണമിച്ചതും. സംഘർഷത്തിൽ 220ലധികം ജീവൻ നഷ്ടമാകുകയും നിരവധിപേർ ഭവന രഹിതരാകുകയും ചെയ്‌തു. മണിപ്പൂരില്‍ ഇപ്പോഴും സംഘർഷം തുടരുകയാണ്.