ഇന്ധനവില വര്‍ധനവിനെ കുറിച്ച് ചോദിച്ചാല്‍ ബി ജെ പിക്കാര്‍ അടിക്കും

ചെന്നൈ : തമിഴ്‌നാട് ബി ജെ പി അധ്യക്ഷയോട് ഇന്ധനവില വര്‍ധനവിനെ കുറിച്ച് ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ബി ജെ പി അധ്യക്ഷയുടെ സന്തസഹചാരിയായ നേതാവ് തുടങ്ങിവെച്ച മര്‍ദ്ദനം മറ്റുള്ള ബി ജെ പിക്കാരും കൂടി ഏറ്റെടുക്കുകയായിരുന്നു. ചെന്നൈ സ്വദേശിയായ ഓട്ടോഡ്രൈവര്‍ കതിര്‍ ആണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലവര്‍ധനയെക്കുറിച്ച് ചോദിച്ചത്. ഇത് കേട്ടതും അധ്യക്ഷയുടെ പിന്നില്‍ നിന്ന ബി ജെ പി നേതാവ് വി കാളിദാസ് കതിരിനെ മര്‍ദ്ദിക്കുകയായിരുന്നു.  പിന്നാലെ മറ്റ് ബി ജെ പിക്കാര്‍ മര്‍ദ്ദനം തുടര്‍ന്നു

'അക്കാ ഒരു നിമിഷം, പെട്രോള്‍ വില ഓരോ ദിനവും ഏറിയിട്ടിറുക്ക്..' ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ കതിരിനെ കാളിദാസ് പിന്നിലേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ബി ജെ പി അധ്യക്ഷ തമിഴിസൈ കണ്ടില്ലെന്ന ഭാവത്തില്‍ നിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഞായറാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള തമിഴിസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം.

ഉയരുന്ന ഇന്ധനവിലയോടു ഒരു ഓട്ടോ െ്രെഡവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അതു തെറ്റായാണ് എടുത്തതെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍ ഓട്ടോ െ്രെഡവര്‍ മദ്യപിച്ചിരുന്നുവെന്നു തെറ്റിധരിച്ചാണ് അദ്ദേഹത്തെ പിന്നിലേക്കു തള്ളിമാറ്റിയതെന്നു ബി ജെ പി നേതൃത്വം വിശദീകരിച്ചു.

18-Sep-2018