സെബി മേധാവി ചൈനീസ് കമ്പനികളില്‍ നിക്ഷേപം നടത്തി; ആരോപണവുമായി കോണ്‍ഗ്രസ്
അഡ്മിൻ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്. ചൈനീസ് കമ്പനികളിലടക്കം മാധബി ബുച്ച് നിക്ഷേപം നടത്തിയെന്നും 36.9 കോടി രൂപയുടെ ലിസ്റ്റഡ് സെക്യൂരിറ്റീസ് ചട്ടവിരുദ്ധമായി ട്രേഡുചെയ്തെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പുതിയ ആരോപണം.
"സെബി ചെയർപേഴ്‌സണെതിരായ വെളിപ്പെടുത്തലുകളുടെ ഒരു പരമ്പരയ്ക്ക് ശേഷം ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ക്കൂടി പങ്കുവെക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഇത്തവണ വിവരങ്ങള്‍ ഇന്ത്യയുടെ അതിർത്തികള്‍ ഭേദിച്ചവയാണ്. സെബിയുടെ മുഴുവൻ സമയഅംഗമായിരിക്കെയും പിന്നീട് ചെയർപേഴ്‌സണ്‍ സ്ഥാനത്തെത്ത് എത്തിയശേഷവും ചൈനീസ് കമ്പനികളിലടക്കം നിക്ഷേപം നടത്തുകയും 36.9 കോടി രൂപയുടെ ലിസ്റ്റഡ് സെക്യൂരിറ്റീസ് ചട്ടവിരുദ്ധമായി ട്രേഡും ചെയ്തു," കോണ്‍ഗ്രസ് മീഡിയ ഹെഡ് പവൻ ഖേഡ.
2017-2021 കാലത്ത് മാധബി ബുച്ച് വിദേശസ്വത്തുക്കള്‍ കൈവശം വെച്ചതായും 2001-2004 കാലത്ത് നാല് അമേരിക്കൻ കമ്പനികളില്‍ നിക്ഷേപം നടത്തിയതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. വാൻഗാഡ് ടോട്ടല്‍ സ്റ്റോക്ക് മാർക്കറ്റ് ഇറ്റിഎഫ് (വിറ്റിഐ), എആർകെ ഇന്നവേഷൻ ഇറ്റിഫ് (എആർകെകെ), ഗ്ലോബല്‍ എക്‌സ് എംഎസ്‌സിഐ ചൈന കണ്‍സ്യൂമർ (സിഎച്ച്ഐക്യു), ഇൻവെസ്കൊ ചൈന ടെക്നോളജി ഇറ്റിഎഫ് (സിക്യുക്യുക്യു) എന്നീ കമ്പനികളില്‍ മാധബി ബുച്ച് നിക്ഷേപം നടത്തിയെന്നാണ് ആരോപണം.
ചൈനീസ് ഫണ്ടുകളില്‍ സെബി ചെയർപേഴ്‌സണ്‍ നിക്ഷേപം നടത്തുന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ലിസ്റ്റഡ് സെക്യൂരിറ്റീസില്‍ സെബി ചെയർപേഴ്‌സണ്‍ ട്രേഡ് ചെയ്തകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമോയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
ഇന്ത്യയ്ക്ക് പുറത്ത് മാധബി ബുച്ച് നിക്ഷേപം നടത്തിയത് പ്രധാനമന്ത്രിക്കറിയാമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. നിക്ഷേപം നടത്തിയ തീയതി ഏതാണ്. ഇന്ത്യ-ചൈന സംഘർഷം നടക്കുന്ന സമയത്താണ് മാധബി ബുച്ച് ചൈനീസ് കമ്പനികളില്‍ നിക്ഷേപം നടത്തിയതെന്നും പ്രധാനമന്ത്രിക്ക് അറിയാമോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.