ന്യൂഡല്‍ഹി : നവ ഉദാരവല്‍ക്കരണ -സ്വകാര്യവല്‍ക്കരണ നയങ്ങളുടെ കടുത്ത പ്രയോഗക്കാരനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വേദിയൊരുക്കി സിപിഐ. ഇന്തോ അമേരിക്കന്‍ ആണവക്കരാര്‍ വിഷയത്തില്‍ മന്‍മോഹന്‍ സിങ് നയിച്ച ആദ!്യ യു പി എ സര്‍ക്കാരിന് ഇടതുപക്ഷത്തെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്ന സംഭവത്തില്‍ ഒരു ദശകം പിന്നിടുമ്പോഴാണ് സി പി ഐ കോണ്‍ഗ്രസുമായുള്ള ബന്ധം മന്‍മോഹന്‍ സിംഗിലൂടെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്.
സി പി ഐ ഈ മാസം 25ന് ദില്ലിയില്‍ സംഘടിപ്പിക്കുന്ന എ ബി ബര്‍ധന്‍ അനുസ്മരണ പരിപാടിയിലാണ് മുഖ്യപ്രഭാഷകനായി മന്‍മോഹന്‍സിംഗ് പങ്കെടുക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് തന്ത്രവുമായി പരിപാടിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
രാജ്യത്ത് നിലനിന്നിരുന്ന സാമ്പത്തിക നയങ്ങള്‍ക്ക് പകരം സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അന്നത്തെ നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്. റാവു സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായിത്തന്നെ നിസ്സഹകരണ സമരങ്ങള്‍ നടത്തിയിരുന്നു ഇടതു പാര്‍ട്ടികളില്‍ സി പി ഐ പ്രമുഖ സ്ഥാനത്തുണ്ടായിരുന്നു. ആ സമരങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്ന, മൻമോഹൻ സിംഗിനെ സാമ്രാജ്യത്വ ദാസൻ എന്ന് വിശേഷിപ്പിച്ച എ ബി ബര്‍ദാന്റെ പേരിലുള്ള പരിപാടിയില്‍ മന്‍മോഹന്‍ സിംഗ് എത്തുമ്പോള്‍ സി പി ഐയുടെ വര്‍ത്തമാനം രാഷ്ട്രീയനിരീക്ഷകര്‍ ചോദ്യം ചെയ്യുകയാണ്.