കെജ്രിവാളിൻ്റെ പിൻഗാമിയെ കണ്ടെത്താൻ ആം ആദ്മിയിൽ ചർച്ചകൾ സജീവം

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ആം ആദ്മി പാർട്ടിയിൽ ചർച്ചകൾ സജീവം. മന്ത്രിമാരായ അതിഷി , ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെജ്രിവാളിൻ്റെ രാജി അംഗീകരിക്കണോ എന്ന കാര്യത്തിൽ ജനഹിത പരിശോധനയും നടത്താൻ ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ , അപ്രതീക്ഷിതമായാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും താൻ അഗ്നി ശുദ്ധി വരുത്തിയ ശേഷം ജനവിധി അനുകൂലമായാൽ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

കെജ്രിവാളിൻ്റെയും മനീഷ് സിസോദിയയുടേയും നേതൃത്വത്തിൽ ആം ആദ്മി പാർട്ടി വലിയ ജനമ്പമ്പർക്ക പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആരാകണം സർക്കാരിനെ നയിക്കേണ്ടത് എന്ന കാര്യത്തിൽ എംഎൽഎമാരുടെ യോഗത്തിൽ തീരുമാനമാകുമെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ നൽകുന്ന വിവരം .

16-Sep-2024