നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍; രണ്ടാംഘട്ട അന്വേഷണത്തിനൊരുങ്ങി എസ്ഐടി

നടന്മാർക്കെതിരെ എടുത്ത ലൈംഗികാതിക്രമ കേസുകളിൽ രണ്ടാംഘട്ട അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച മുകേഷിനെയും ഇടവേള ബാബുവിനെയും ഉടൻ ചോദ്യം ചെയ്യും.

ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ കേസെടുക്കുന്ന നടപടിയിലേക്കും സംഘം ഉടൻ കടക്കുമെന്നാണ് സൂചന.നടന്മാർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയവരെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തില്‍ ഒന്‍പത് നടിമാരെയാണ് നേരില്‍ കണ്ട് മൊഴിയെടുത്തത്.

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്.

16-Sep-2024