രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകും: ശിവസേന എംഎൽഎ

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്‍വാദ്. സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരെയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്.

ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്‌ക്‌വാദ് പറയുന്നത്. ഇത് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിർക്കുന്ന അന്തർലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് താൻ 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

മറാത്തികൾ, ധംഗർമാർ, ഒബിസി വിഭാഗത്തിലുള്ളവർ സംവരണത്തിനായി പോരാടുകയാണ്, എന്നാൽ സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഭരണഘടന ഉയർത്തിക്കാട്ടി ബിജെപി അത് മാറ്റുമെന്ന് വ്യാജ ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചെന്നും എന്നാൽ രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസാണ് പദ്ധതിയിടുന്നതെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

അതേസമയം എംഎൽഎയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ഘടക കക്ഷിയാണ് ബിജെപി.

എന്നിരുന്നാലും സംവരണം പുരോഗതിയെ ബാധിക്കുമെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞത് മറക്കാനാവില്ലെന്നും ബവൻകുലെ പറഞ്ഞു. സംവരണം നൽകുക എന്നാൽ വിഡ്ഢികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ബവൻകുലെ ആരോപിച്ചു. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിലുള്ളവരിലേക്ക് നെഹ്‌റു, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

16-Sep-2024