കെജ്‌രിവാളിന് പകരം അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രിയാകും
അഡ്മിൻ
ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് .ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും.
മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു.
നിലവിൽ ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രിയാണ് അതിഷി മര്‍ലേന. എംഎല്‍എമാരുടെ യോഗത്തിനുശെഷം അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന.