രാജ്യമാകെ ജിയോ സേവനം തടസപ്പെട്ടു

രാജ്യമെമ്പാടും സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ സേവനങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ജിയോയുടെ നെറ്റ്വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരാതിപ്പെട്ടത്.

അതേസമയം, ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തം രാജ്യവ്യാപകമായി ജിയോ നെറ്റ്‌വർക്ക് തകരാറിന് കാരണമായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് തകരാർ സംഭവിച്ചതെന്നും തകരാർ പരിഹരിച്ചെന്നും റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇന്ന് രാവിലെ മുംബൈയിലെ ചില ജിയോ ഉപഭോക്താക്കൾക്ക് ചെറിയ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടു. അത് പരിഹരിച്ചു. ജിയോയുടെ തടസ്സമില്ലാത്ത സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചെന്നും ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും റിലയൻസ് ജിയോ വക്താവ് പറഞ്ഞു.

17-Sep-2024