ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും

ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു.സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കൻ സന്ദർശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിരുന്നത്.

18-Sep-2024