എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്ഐ
അഡ്മിൻ
കേരളാ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും അതിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്ഐ. മാധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി മാറി.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുക ചൂണ്ടികാണിച്ച് ചിലവഴിച്ച തുകയാണ് എന്ന നിലയില്‍ നടത്തുന്ന സത്യവിരുദ്ധമായ പ്രചരണങ്ങള്‍. ഇത്തരം വാര്‍ത്തകളെ ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്ന് ഡിവൈഎഫ്ഐ നേതാക്കളായ വി കെ സനോജും വി വസീഫും പറഞ്ഞു.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദത്തിലും യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത മാധ്യമ നുണകളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പകല്‍ മുഴുവന്‍ വ്യാജ വാര്‍ത്ത കൊടുക്കുകയും വിമര്‍ശനം ഉയരുമ്പോള്‍ രാത്രി നേരത്തെ കൊടുത്തത് തെറ്റായ വാര്‍ത്തയായിരുന്നു എന്ന് യാതൊരു സങ്കോചവും ഇല്ലാതെ പറയുന്നതും മാധ്യമങ്ങള്‍ പതിവാക്കിയിരിക്കുകയാണ്.
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണ നിലയില്‍ എസ്ഡിആര്‍എഫ് ചട്ടങ്ങള്‍ അനുസരിച്ചു ഏതൊരു സംസ്ഥാന സര്‍ക്കാരും തയ്യാറാക്കുന്ന രീതിയിലാണ് കേരള സര്‍ക്കാരും മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഈ മെമ്മോറണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ ചിലവെന്ന രൂപത്തില്‍ അവതരിപ്പിച്ചു തെറ്റിദ്ധാരണ പരത്തുന്നത് മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.