കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ

കോൺഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിനെതിരെ സമരവുമായി കോൺഗ്രസ് പ്രവർത്തകർ. അനധികൃത നിയമനമാരോപിച്ചാണ് പ്രതിഷേധം. ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡയറക്ടർ ബോർഡ് അംഗങ്ങളെ ഡിസിസി നേതൃത്വം പാർട്ടിയിൽ പുറത്താക്കി.

കോഴിക്കോട് കോൺഗ്രസ് നിന്ത്രണത്തിലുള്ള പ്രധാന സഹകരണ സ്ഥാപനങ്ങളിലൊന്നാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക്. ഭരണ സമിതിയും കോൺഗ്രസ് നേതൃത്വവും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. ഇതിന്റെ തുടർച്ചയാണ് പ്രത്യക്ഷ സമരവും സസ്പെൻഷൻ നടപടികളും.

പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള ബാങ്കിനെ സിപിഎമ്മിന്റെ കയ്യിലെത്തിക്കാൻ നീക്കം നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണം. ഇതിനായി രണ്ടായിരത്തോളം സിപിഎമ്മുകാർക്ക് അനർഹമായി അംഗത്വം നൽകിയെന്നാരോപിച്ച് ഭരണ സമിതിയിലെ ഏഴു പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിറകെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രത്യക്ഷ സമരം.

നവംബറിലാണ് ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനാണ് നിലവിലെ ഭരണ സമിതിയുടെ തീരുമാനം. സിപിഎമ്മുമായി ചേർന്നാണ് ഇവരുടെ നീക്കമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം.

19-Sep-2024