ശ്രീലങ്കയിലെ ജനകീയപ്രക്ഷോഭത്തിന് രണ്ട് വയസ്

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നാളെ. 2022 ലെ ജനകീയപ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിഞ്ഞെടുപ്പാണിത്. ഇടക്കാല പ്രസിഡൻറ് റനിൽ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനിൽ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.

യുണൈറ്റഡ്‌ നാഷണൽ പാർട്ടി നേതാവും ഇടക്കാല പ്രസിഡന്റുമായ റനിൽ വിക്രമസിംഗെയ്‌ക്കാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്. ജനരോഷത്തിൽ രാജ്യംവിട്ട മുൻ പ്രസിഡന്റ് ഗോതബായയിൽ നിന്ന് ഭരണം ഏറ്റെടുത്ത വിക്രമസിംഗെയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമുണ്ടാക്കിയത്. യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവാണെങ്കിലും സ്വതന്ത്രനായാണ് വിക്രമസിം​ഗെ ഇക്കുറി മത്സരിക്കുന്നത്. 2022 ലെ പ്രതിഷേധങ്ങൾക്ക് തടയിടാൻ സാധിച്ചത് തിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്തേക്കാമെന്നാണ് വിക്രമസിം​ഗെയുടെ പ്രതീക്ഷ.

പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗ (എസ്ജെബി) സ്ഥാനാത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസ ആണ് എതിർ സ്ഥാനാർത്ഥി. തമിഴ് വംശജരുടെയടക്കം ശക്തമായ ജനപിന്തുണയുള്ള നേതാവാണ് സജിത് പ്രേമദാസ. ജീവിത ചെലവ് നിയന്ത്രിക്കാൻ നികുതി കുറയ്ക്കുമെന്നാണ് പ്രേമദാസയുടെ പ്രധാന വാ​ഗ്ധാനം.

20-Sep-2024