ചാമ്പ്യന്‍സ് ബോട്ട് ലീഗ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിബിഎല്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട സമിതിയുമായി ചര്‍ച്ചചെയ്ത് സിബിഎല്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷങ്ങള്‍ ചെലവാക്കി പരിശീലനം നടത്തിയതിനാല്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തണമെന്ന് വിവിധ വള്ളസമിതികളും ക്ലബുകളും ആവശ്യപ്പെട്ടിരുന്നു. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന 28-ന് മുന്‍പുതന്നെ സിബിഎല്‍ നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ക്ലബുകളും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നെഹ്‌റു ട്രോഫി വള്ളംകളിക്ക് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഈ വര്‍ഷം തന്നെ നടത്താന്‍ ആവശ്യമായ എല്ലാ സാധ്യതകളും ടൂറിസം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

21-Sep-2024