എം. എം.ലോറൻസിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും

ഇന്ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം. എം.ലോറൻസിന്‍റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും.അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമാണ് മൃതദേഹം പഠന ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നതെന്ന് കുടുംബം പറഞ്ഞു. തിങ്കളാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗണ്‍ഹാളിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും.വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.എം.ലോറൻസിന്‍റെ അന്ത്യം. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു എം എം ലോറന്‍സ്.

19ആം വയസില്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളും ജയില്‍വാസവും ട്രേഡ് യൂണിയന്‍ രംഗത്തെ അറിവും പരിചയവുമാണ് എം എം ലോറന്‍സ് എന്ന തൊഴിലാളി നേതാവിനെ പാകപ്പെടുത്തി എടുത്തത്.

1946-ല്‍ പതിനേഴാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരില്‍ ഒരാളുമായിരുന്നു.

21-Sep-2024