ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചു; ശ്രുതി

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ദുഖത്തിൽ കഴിയവേയാണ് കൂടെ നിന്ന പ്രതിശ്രുത വരൻ ജെൻസനെയും ശ്രുതിക്ക് നഷ്ടമാകുന്നത്. ഒടുവിൽ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു ജീവിതത്തിലേക്ക് തിരികെ വരികയാണ് ശ്രുതി.ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രുതി. ഇതുവരെ പിന്തുണച്ച് കൂടെ നിന്നാ എല്ലാ മനുഷ്യർക്കും നന്ദി എന്നാണ് ശ്രുതി പറഞ്ഞത്.

അപകത്തിലേറ്റ പരിക്കിൽ ഇപ്പോഴും വേദനയുണ്ട്. രാത്രി സമയങ്ങളിൽ വേദന കൂടും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടാണ് ഫോൺ നോക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കാണുന്നുണ്ട് എന്നും ശ്രുതി പറഞ്ഞു.അതേസമയം ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചെന്നും ശ്രുതി വ്യക്തമാക്കി. ജെൻസന്‍റെ കുടുംബം എപ്പോഴും തന്നോട് ഒപ്പം ഉണ്ട്. അവർ തനിക്കൊപ്പം നിന്നില്ലെന്ന് ചില യൂട്യൂബ് ചാനലുകൾ വലിയ വാർത്ത നൽകി. അത് എനിക്കും വീട്ടുകാർക്കും വലിയ വിഷമമുണ്ടാക്കി. അവരെപ്പോഴും കൂടെയുണ്ട്.

എല്ലാ വേദനയിലും ഒരു വിഷമവും തന്നെ അറിയിക്കാതെ സന്തോഷത്തോടെയാണ് അവർ കൂടെ നിൽകുന്നത് എന്ന് ശ്രുതി വ്യക്തമാക്കി. മുന്നോട്ട് ജീവിക്കാൻ ഒരു ജോലി വേണം. കോഴിക്കോട്ടെ ജോലിക്ക് ഇനി പോകുന്നില്ല. വയനാട്ടിൽ തന്നെ തുടരാനാണ് തീരുമാനം. ഇച്ചായൻ നടത്തിയിരുന്ന ബിസിനസ്, അദ്ദേഹത്തിന്‍റെ ഓർമ്മക്കായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ശ്രുതി കൂട്ടിച്ചേർത്തു.

22-Sep-2024