പത്ത് വര്‍ഷം ഒരു വരുമാനവും ഉണ്ടാക്കിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്
അഡ്മിൻ
പത്ത് വര്‍ഷം ഒരു വരുമാനവും ഉണ്ടാക്കിയിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. ജനങ്ങളുടെ ആശിര്‍വാദം മാത്രമാണ് ഏക സമ്പാദ്യമെന്നും താന്‍ ജനങ്ങളുടെ കോടതിയിലേക്ക് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വെച്ച് നടക്കുന്ന ‘ജനതാ കി അദാലത്തി’ല്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തന്നെയും മനീഷ് സിസോദിയയെയും അഴിമതിക്കാരായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന് കെജ്രിവാള് ആരോപിച്ചു. 2012ല്‍ തന്റെ അഴിമതിവിരുദ്ധ പോരാട്ടം തുടങ്ങിയത് ജന്തര്‍ മന്തറില്‍ നിന്നാണെന്നും ആദ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആം ആദ്മിക്ക് പണമോ ആള്‍ബലമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സത്യസന്ധത കൈമുതലാക്കിയായിരുന്നു മത്സരം. അധികാരത്തില്‍ എത്തിയ ശേഷം സത്യസന്ധമായി പ്രവര്‍ത്തിച്ചു. ഞാന്‍ അഴിമതിക്കാരനാണെങ്കില്‍ വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കുമോ. പ്രധാനമന്ത്രി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തി,’ കെജ്രിവാള് പറഞ്ഞു.
തനിക്ക് ഡല്‍ഹിയില്‍ സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സത്യസന്ധനെന്ന് കരുതുന്നവര്‍ കൈകള്‍ ഉയര്‍ത്തണമെന്ന കെജ്രിവാളിന്റെ ആവശ്യത്തോട് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ മറുപടി നല്കി.
തുടര്‍ന്ന് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഈ ദൃശ്യം കാണണമെന്ന് കെജ്രിവാള് പറഞ്ഞു. താനാണോ തന്നെ ജയിലില്‍ അടച്ചവരാണോ കള്ളനെന്നും കെജ്രിവാള് ചോദിച്ചു. ജയിലില്‍ നിന്നിറങ്ങിയതിന് ശേഷമുള്ള ബഹുജന പരിപാടിയില്‍ ആര്‍എസ്എസിനോട് നിരവധി ചോദ്യങ്ങളും കെജ്രിവാള് ഉന്നയിച്ചു.
ഇ ഡി, സിബിഐ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിന് നല്ലതാണോ? ഇത് തെറ്റെങ്കില്‍ മോഹന്‍ ഭാഗവത് നിര്‍ത്താന്‍ ആവശ്യപ്പെടുമോ? 75 വയസായാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്നല്ലേ ബിജെപിയുടെ നിയമം? അദ്വാനിയും മുരളി മനോഹര്‍ ജോഷിയും 75 വയസ്സില്‍ വിരമിച്ചു. അമിത് ഷാ പറയുന്നത് മോദി വിരമിക്കില്ലെന്നാണ്. അദ്വാനിക്ക് ഇല്ലാത്ത എന്ത് അനുകൂല്യമാണ് മോദിക്കുള്ളത്? മോദിക്ക് വേണ്ടി മാനദണ്ഡം മാറ്റുന്നത് ചോദ്യം ചെയ്യുമോ?’ കെജ്രിവാള് ചോദിച്ചു.