കേരളവും ശ്രീലങ്കയും തമ്മില്‍ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകള്‍ തുറന്നിടുന്ന ചര്‍ച്ചകള്‍ നടന്നു: മന്ത്രി പി രാജീവ്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ്.ഫെബ്രുവരിയില്‍ ശ്രീലങ്കന്‍ നേതാവ് കേരളത്തിലെത്തിയപ്പോള്‍ തന്റെ ഓഫിസില്‍ എത്തിയിരുന്നെന്ന് ദിസനായകെയ്ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് പി.രാജീവ് പറഞ്ഞു.

സന്ദര്‍ശന വേളയില്‍ കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യാവസായിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

”ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാര്‍ടി നേതാവ് ശ്രീ. അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു. കേരളവും ശ്രീലങ്കയും തമ്മില്‍ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകള്‍ തുറന്നിടുന്ന ചര്‍ച്ചകള്‍ അന്ന് നടന്നു.

ഇതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തിന്റെ സ്വന്തം ആയുര്‍വേദത്തിന് ശ്രീലങ്കയില്‍ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തില്‍ സൗഹാര്‍ദ്ദപരമായ തുടര്‍ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”

23-Sep-2024