ബിജെപിയ്ക്ക് പാലക്കാട് കുറഞ്ഞത് ഒരു ലക്ഷം പേരുടെ അംഗത്വം

തമ്മിലടിയും ഗ്രൂപ്പ് പോരും പുറത്തുവന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിൻ്റെ കണക്കിലുള്ള കേരളത്തിലെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് ബിജെപി നേരിടുന്നത് കനത്ത തിരിച്ചടി. അഞ്ച്‌ വർഷം കൂടുമ്പോൾ നടത്തുന്ന മെമ്പർഷിപ്പ് ക്യാംപെയ്നിൽ അംഗത്വത്തിൽ ഒരു ലക്ഷം പേരുടെ കുറവുമായി അംഗത്വത്തിൽ പാലക്കാട് ജില്ല ഒൻപതാം സ്ഥാനത്തേക്ക് വീണു .

ഇതോടുകൂടി പാലക്കാട് ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നിർദേശിച്ചതായി തിങ്കളാഴ്‌ച ചേർന്ന ജില്ലാ ഭാരവാഹി യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരൻ അറിയിച്ചതായാണ് സൂചന. ജില്ലയിൽ പാർട്ടിയ്ക്ക് കഴിഞ്ഞ തവണ 1,25,000 അംഗത്വമുണ്ടായിരുന്നിടത്ത് ഇത്തവണ ഇതുവരെയും 18,000 പേരെ മാത്രമാണ് ചേർക്കാനായിട്ടുള്ളത്.

സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായ പാലക്കാട് ഇതുവരെ 2000 മെമ്പർഷിപ്പ് കടക്കാനായിട്ടില്ല . കേരളത്തിൽ മെമ്പർഷിപ്പ് ക്യാംപെയ്ൻ പ്രവർത്തനങ്ങൾ ഏറ്റവും മോശമായി നടക്കുന്ന ജില്ലയാണ് നിലവിൽ പാലക്കാടെന്ന് കുമ്മനം ജില്ലാ ഭാരവാഹി യോഗത്തിൽ നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്. സെപ്‌തംബർ ഒന്നിന്‌ തുടങ്ങിയ അംഗത്വ ക്യാംപെയ്ൻ 30ന്‌ അവസാനിക്കും. ജില്ലയിലെ പാർട്ടി പ്രവർത്തനത്തിൽ വിഭാഗീയത രൂക്ഷമാണെന്നും പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മ ജില്ലയിലെ പാർട്ടിയെ ഗുരുതരമായി ബാധിക്കുന്നതായും നേരത്തെ തന്നെ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

അതിനിടെ, വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കി വോട്ടുമറിക്കാൻ ഔദ്യോഗിക നേതൃത്വം ധാരണയുണ്ടാക്കിയതായി ചൂണ്ടിക്കാണിച്ച് ശോഭാസുരേന്ദ്രൻ പക്ഷം ദേശീയ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇത്തരം ചേരിപ്പോരുകൾ കാരണം തന്നെ തിങ്കളാഴ്ച നടന്ന ജില്ലാ ഭാരവാഹി യോഗത്തിലേക്ക് എൻ. ശിവരാജനടക്കമുള്ള മുതിർന്ന നേതാക്കളെ ഔദ്യോഗിക വിഭാഗം ക്ഷണിച്ചില്ല. ഇതും വിവാദമായിട്ടുണ്ട്.

യോഗത്തിൽ സന്ദീപ്‌ വാര്യർ ഉൾപ്പെടെ ഏഴ്‌ സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുത്തില്ലെന്നും ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും യോഗം ബഹിഷ്‌കരിച്ചതായും വിവരമുണ്ട്. 133പേർ പങ്കെടുക്കേണ്ടിടത്ത്‌ വെറും 27 പേർ മാത്രമാണത്രെ പങ്കെടുത്തത്. ഇതിനിടെ, കഴിഞ്ഞമാസം ജെ പി നദ്ദ പാലക്കാട്ട്‌ വന്നപ്പോൾ പ്രവർത്തകർക്ക്‌ പരാതി പറയാനുള്ള അവസരം നിഷേധിച്ചതായും ക്ഷണിച്ചുവരുത്തിയ പൗര പ്രമുഖർക്ക് സംസാരിക്കാൻ അവസരം നൽകാതെ അപമാനിച്ചതായും ജില്ലാ നേതൃത്വത്തിൻ്റെ കൊള്ളരുതായ്‌മകൾ ദേശീയ പ്രസിഡൻ്റിൻ്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ യോഗം പ്രഹസനമാക്കിയെന്നും പരാതി ഉയർന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തിരിമറി ആരോപണം, ജില്ലാ കമ്മിറ്റി ഓഫീസ്‌ നിർമാണ ഫണ്ടിൻ്റെ കണക്ക്‌ അവതരണം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ജില്ലാ നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ പരാതിപ്പെടുന്നു.

24-Sep-2024