സോണിയഗാന്ധിക്കെതിരായ ആരോപണം; തെളിയിക്കാൻ കങ്കണയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
അഡ്മിൻ
സോണിയാ ഗാന്ധിയെ കുറിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ്.ഒന്നുകിൽ കങ്കണ ആരോപണം തെളിയിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടാൻ തയ്യാറാവണമെന്നും ഹിമാചൽ പ്രദേശ് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പ്രതികരിച്ചു.
ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടോ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഫണ്ടോ സോണിയാ ഗാന്ധിക്ക് നൽകുന്നു എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് മന്ത്രി പറഞ്ഞു.
ഒരു രൂപയെങ്കിലും ഇത്തരത്തിൽ വകമാറ്റിയതായി തെളിയിക്കാൻ കങ്കണയെ പരസ്യമായി വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് സോണിയാ ഗാന്ധിയോട് മാപ്പ് പറയണമെന്നും വിക്രമാദിത്യ സിംഗ് ആവശ്യപ്പെട്ടു. കങ്കണ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും. എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും മന്ത്രി ചോദിക്കുന്നു.