ബി.പി.എൽ കാർഡുടമകൾക്ക് 20 ശതമാനം നിരക്ക് കുറവ് നൽകാമെന്ന് ആംബുലൻസ് ഉടമകൾ

രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക.

ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്‍റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും.

ട്രാവലർ ആംബുലൻസുകൾ എസി, ഓക്സിജൻ സൗകര്യമുള്ള സി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 40 രൂപയുമായിരിക്കും. ബി വിഭാഗത്തിലുള്ള നോൺ എ.സി ട്രാവലർ ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 30 രൂപയുമായിരിക്കും.

ഓമ്നി, ഈക്കോ, ബോലേറോ തുടങ്ങിയ ആർടിഒ അംഗീകരിച്ച എസിയുള്ള എ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാർജ് 200 രൂപയും കിലോമീറ്റർ നിരക്ക് 25 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും. വെന്റിലേറ്റർ സി, ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകളിൽ ബി.പി.എൽ കാർഡുടമകൾക്ക് 20 ശതമാനം നിരക്ക് കുറവ് നൽകാമെന്ന് ആംബുലൻസ് ഉടമകൾ അറിയിച്ചിട്ടുണ്ട്.

24-Sep-2024