കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം ഇറങ്ങി
അഡ്മിൻ
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം ഇറങ്ങി. 190 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് കണ്ണൂരിലിറങ്ങിയത്. ആറ് തവണ താഴ്ന്നുപറന്ന് പരിശോധന നടത്തിയശേഷമാണ് ലാന്‍ഡിങ്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിനായി വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് നിബന്ധന പ്രകാരമുള്ള ഡി.വി.ആര്.ഒ പരീക്ഷണത്തിനാണ് യാത്രാവിമാനമിറങ്ങിയത്. എയര്‍ട്രാഫിക് കണ്ട്രോളില് നിന്ന് റൂട്ടുകളുടെ നിര്‍ണയം, എയര്‍പോര്‍ട്ടുകള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായി എത്തിയ ഡി.ജി.സി.എയുടെ രണ്ടംഗസംഘം ബുധനാഴ്ച വൈകീട്ട് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചുപോയിരുന്നു. റണ്‍വേ, ടാക്സി ട്രാക്ക്, പ്രിസീഷന്‍ അപ്രോച്ച് പാത്ത് ഇന്‍ഡിക്കേറ്റര്‍, ഗ്രൗണ്ട് ലൈറ്റിങ്, പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്ന് നടക്കുന്ന എയര്‍ട്രാഫിക് പരിശോധനയുടെ റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ ഡി.ജി.സി.എക്ക് നല്‍കുന്നമുറക്ക് ലൈസന്‍സ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.