പാലക്കാട് സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പ്
അഡ്മിൻ
കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന ഒന്നാണ് പാലക്കാട്ടെ സ്മാര്‍ട്ട് സിറ്റി പദ്ധതി. പ്രത്യേകിച്ച് പാലക്കാട്ടുക്കാര്‍ കട്ട വെയിറ്റിംഗില്‍ ആണ്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാനാണ് സംസ്ഥാന വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി അനുമതി ലഭിച്ച പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിന്റെ ഭാഗമായി മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പാലക്കാട് ചുള്ളിമടയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പുതുശ്ശേരി, കണ്ണമ്പ്ര വില്ലേജുകളിലായി 1710 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
3815 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ഇതിനായി ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം കാലതാമസമില്ലാതെ കിട്ടിയാല്‍ പദ്ധതി ഏഴ് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതില്‍ 240 ഏക്കര്‍ കൂടിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇത് ഡിസംബറിനുള്ളില്‍ ഏറ്റെടുക്കും. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കുക.
ഗ്രീന്‍ബെല്‍റ്റിനും ജലസംരക്ഷണത്തിനും ഭൂമി മാറ്റിവയ്ക്കുന്നുണ്ട്. പദ്ധതിക്കായുള്ള ആഗോള ടെന്‍ഡറുകള്‍ അടുത്ത മാര്‍ച്ചോടെ അന്തിമമാക്കും. സംസ്ഥാനത്തിന്റെ നയമനുസരിച്ച് ആവശ്യമായിടത്തെല്ലാം ഇളവുകളും പ്രോത്സാഹനങ്ങളും നല്‍കും. 8729 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച കേന്ദ്രസംഘം പദ്ധതി പ്രദേശം സന്ദര്‍ശിക്കും. അതിനു ശേഷം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരണയാകുമെന്നാണ് പ്രതീക്ഷ.