ഏണസ്റ്റ് ആന്റ് യങ് കമ്പനിക്ക് നിയമപ്രകാരമുള്ള രജ്സിട്രേഷൻ ഇല്ലെന്ന് മഹാരാഷ്ട്ര ലേബർ കമ്മീഷൻ
അഡ്മിൻ
അമിത ജോലിഭാരത്താൽ 26കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന് പിന്നാലെ ഏണസ്റ്റ് ആന്റ് യങ് കമ്പനിക്ക് നിയമപ്രകാരമുള്ള രജ്സിട്രേഷൻ ഇല്ലെന്ന് മഹാരാഷ്ട്ര ലേബർ കമ്മീഷൻ റിപ്പോർട്ട്. ഇ വൈ കമ്പനിയുടെ പൂനെ ഓഫീസ് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത് വർഷങ്ങൾ വൈകിയാണെന്നാണ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായത്.
2007 മുതൽ സംസ്ഥാനത്ത് ഇ വൈ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ 2024ലാണ് രജിസ്ട്രേഷന് അപേക്ഷ നൽകിയതെന്നും ലേബർ കമ്മീഷനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പൂനെയിലെ ഇവൈ കമ്പനി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നുവെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രാകരമുള്ള രജിസ്ട്രേഷൻ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയെന്നും മഹാരാഷ്ട്ര ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു. രജിസ്ട്രേഷൻ വൈകിയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. പരമാവധി ഒമ്പത് മണിക്കൂർ മാത്രമാണ് ജീവനക്കാരെ പ്രതിദിനം ജോലി ചെയ്യിപ്പിക്കാൻ അനുവാദമുള്ളൂ. ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി ചെയ്യിക്കാൻ അനുമതി.