അർജുന്റെ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും

അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.

ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ അറിയിച്ചു.

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക. ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങൾക്കും എംഎൽഎ നന്ദി പറഞ്ഞു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജ്ജുന്‍റെ ലോറിയും പുറത്തെടുത്തു. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്.

25-Sep-2024