ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് കോടതി നിര്‍ദേശം

മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം നടത്താന്‍ കര്‍ണാടകയിലെ പ്രത്യേക കോടതി ബുധനാഴ്ച ലോകായുക്തയോട് ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്തയോട് ആവശ്യപ്പെട്ട കോടതി, കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ അധികാരികളോട് നിര്‍ദേശിച്ചു.

മുഡ കേസില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവായത്.മുഡ ഭൂമി ഇടപാടിലും സിദ്ധരാമയ്യ തിരശ്ശീലയ്ക്ക് പിന്നിലില്ലെന്ന് അംഗീകരിക്കാന്‍ പ്രയാസമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.

മുഡ കേസില്‍ സിദ്ധരാമയ്യക്കെതിരെ ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ, പ്രദീപ് കുമാര്‍ എസ്പി എന്നിവര്‍ നല്‍കിയ പരാതിയിലാണ് ജൂലൈയില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. ഗവര്‍ണറുടെ അനുമതി ഉത്തരവ് നിയമപരമായ ഉത്തരവുകളുടെ ലംഘനമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 163-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിസഭയുടെ ഉപദേശം ഉള്‍പ്പെടെയുള്ള ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിദ്ധരാമയ്യ ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇവ മുഖവിലക്കെടുത്തില്ല.

25-Sep-2024