അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും

ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. അര്‍ജുന്‍റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.

കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തെരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

26-Sep-2024