കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു

സി പി ഐ എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡിവൈഎഫ്‌ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്‍. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അന്നത്തെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സിപിഎംന്റെയും, ഡിവൈഎഫ്‌ഐയുടെയും സമര വീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പൻ.

ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം. പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ ഇതിനകം മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).

28-Sep-2024