ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ ഭരണകൂടമാണ് ഖുമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാൻ തിടുക്കത്തിൽ നടപടിയെടുത്തത്.
നേരത്തെ ഇസ്രായേൽ സൈന്യമാണ് ഹസൻ നസ്‌റല്ലയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി അറിയിച്ചത്. ഇസ്രയേൽ ലക്ഷ്യം വച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹിസ്ബുള്ള നേതാക്കളിൽ ഒരാളായിരുന്നു നസ്റല്ല. ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിലാണ് നസ്റല്ലയെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്.
പതിറ്റാണ്ടായി ഹിസ്ബുല്ല സെക്രട്ടറി ജനറലായിരുന്നു ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തതും ഹസൻ നസ്റല്ലയാണ്. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992 ൽ 32 ആം വയസിലാണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് നസ്റല്ല എത്തിയത്. ഇറാൻ പിന്തുണയോടെയായിരുന്നു ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ.
അതേസമയം ലെബനനിൽ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായും ദേശീയ - അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.
ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല. സൈനബ് നസ്റല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള നിലവിലെ ഏറ്റുമുട്ടലിന്റെ രൂപവും ഭാവവും മാറിയേക്കാണ് സാധ്യത. ഇസ്രയേലിനെതിരായ ആക്രമണത്തിന് ഇറാൻ കൂടി രംഗത്തെത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല.