അന്ത്യാഭിവാദ്യങ്ങളോടെ പുഷ്പന് വിട; വീട്ടുവളപ്പിൽ സംസ്കാരം നടന്നു

കൂത്തുപറമ്പ് പൊലീസ് വെടിവയ്പിൽ ശയ്യാവലംബിയായി മുപ്പതോളം വർഷം ജീവിതത്തോട് മല്ലിട്ട ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (53) നാടിന്റെ വിട. പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം 5.45 ഓടെ മേനപ്രം വീട്ടുവളപ്പിൽ സംസ്‌കാരിച്ചു. പുഷ്പന്റെ മൃതദേഹം തലശേരി ടൗൺ ഹാളിലും ചൊക്ളി രാമവിലാസം സ്‌കൂളിലും പൊതുദർശനത്തിന് വച്ചു.


സിപിഎമ്മിലെ മുതിർന്ന നേതാക്കളായ എം പി എ എ റഹീം, ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നിവരടക്കം നിരവധി നേതാക്കളും സാധാരണ പ്രവർത്തകരും പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പുഷ്പന് നാട് വിട നൽകിയത്.

ഇരുപത്തിനാലു വയസുള്ളപ്പോഴാണ് വെടിയേറ്റ് പുഷ്പൻ കിടപ്പിലായത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ എട്ടിന് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നു.

ഓഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പിൽ 1994 നവംബർ 25ന് ഡി.വൈ.എഫ്‌.ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് കിടപ്പിലായതാണ് പുഷ്പൻ.

സി.പി.എം. നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. മേനപ്രം എൽ.പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം ഉപേക്ഷിച്ച് മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്തു.

ബംഗളൂരുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്.യു.ഡി.എഫ് സർക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവയ്പിലാണ് പരിക്കേറ്റത്. കെ.കെ.രാജീവൻ. കെ.വി.റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു

29-Sep-2024