എൻഎസ്എസും എൻസിസിയും സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്ന പ്രസ്ഥാനങ്ങൾ: മന്ത്രി ബിന്ദു
അഡ്മിൻ
വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് കോർപ്സ് എന്നീ പ്രസ്ഥാനങ്ങൾ സുപ്രധാന സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവയാണെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രശംസിച്ചു.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ 'വി കെയറി'ന്റെ രണ്ടാംഘട്ട ഫണ്ട് സമാഹാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് പ്രോവിഡൻസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഗുരുതര രോഗബാധിതർക്ക് അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ ജീവൻരക്ഷാ ചികിത്സകൾക്ക് ധനസഹായം അനുവദിച്ച് പുതുജീവൻ നൽകുന്ന പദ്ധതിയാണ് വി കെയർ.
സാമൂഹ്യനീതി വകുപ്പിനുവേണ്ടി മികച്ച രീതിയിൽ ആണ് എൻഎസ്എസ്, എൻസിസി വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രവർത്തനം പ്രാന്തവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന വകുപ്പിന് വലിയ അനുഗ്രഹമായി മാറി.
വിദ്യാർഥികളുടെ സേവന താൽപര്യവും സാമൂഹികപ്രതിബദ്ധതയും മികച്ച രീതിയിൽ വിളക്കിച്ചേർത്ത പ്രസ്ഥാനങ്ങളാണ് രണ്ടും, മന്ത്രി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പദ്ധതിയാണ് വി കെയർ. ഈ പദ്ധതിക്ക് വേണ്ടിയുള്ള കുട്ടികളുടെ പ്രചാരണം കാരണം പദ്ധതിയിലേക്ക് മികച്ച രീതിയിൽ അപേക്ഷകൾ ലഭിച്ചു. വീ കെയർ പദ്ധതി വഴി ഒട്ടേറെ മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടിയും മികച്ച രീതിയിലാണ് എൻഎസ്എസും എൻസിസിയും കൈകോർക്കുന്നത്. 3000 സ്നേഹ ആരാമങ്ങളാണ് എൻഎസ്എസ് കഴിഞ്ഞവർഷം കേരളത്തിലൊട്ടാകെ നിർമ്മിച്ചത്. ദുരന്തം ബാധിച്ച വയനാട്ടിലേക്ക് 150 വീടുകൾ നിർമ്മിക്കുമെന്നും എൻഎസ്എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വീ കെയർ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ എൻഎസ്എസ്, എൻസിസി വളണ്ടിയർമാർക്കുള്ള അവാർഡ് മന്ത്രി വിതരണം ചെയ്തു.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ഹെഡ്ക്വാർട്ടേഴ്സ് എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഡി കെ പത്ര, നഗരസഭാ കൗൺസിലർ കെ സി ശോഭിത, പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജസീന ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ, സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ എന്നിവർ പങ്കെടുത്തു.