മുഖ്യമന്ത്രിയുടെ അഭിമുഖം; തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് പിആർ ഏജൻസി

ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് ദില്ലി ആസ്ഥാനമായിട്ടുള്ള പിആര്‍ ഏജന്‍സി കെയ്സണ്‍. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് എജൻസിയുടെ പൊളിറ്റിക്കൽ വിങാണെന്ന് കെയ്സണ്‍ ഗ്രൂപ്പ് പ്രസിഡന്‍റ് നിഖിൽ പവിത്രൻ പറഞ്ഞു. അഭിമുഖ സമയത്ത് താൻ ഒപ്പമില്ലായിരുന്നുവെന്നും നിഖിൽ പവിത്രൻ വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി 'ദി ഹിന്ദു' ദിനപത്രം രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പിആര്‍ ഏജന്‍സിയും അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നാണ് 'ദി ഹിന്ദു' അറിയിച്ചത്.

അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണെന്നും. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നുമാണ് 'ദി ഹിന്ദു' അറിയിച്ചത്. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്.

മലപ്പുറം പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ല. ആ പരാമർശം പിആർ ഏജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണ്. മുമ്പ് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞതാണെന്ന് ഏജൻസി പ്രതിനിധി പറഞ്ഞു. ഇത് അതേപടി ഉൾപ്പെടുത്തിയത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു വ്യക്തമാക്കുന്നു

01-Oct-2024