2006ന് ശേഷം ബെയ്‌റൂട്ടിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; കൂട്ടപ്പലായനം
അഡ്മിൻ
ലെബനോൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ആറ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനീകർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്.
2006 നു ശേഷം ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവും തമ്മിൽ നടക്കുന്ന ശക്തമായ ആക്രമണമാണിത്.യുദ്ധ ഭീതിമൂലം ആയിരക്കണക്കിന് ആളുകൾ ലെബനനിൽ നിന്ന് പലായനം ചെയ്തു. ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിലേക്ക് കര ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ലെബനൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ സൈപ്രസിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. കഴിഞ്ഞ ദിവസമാണ് ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായും ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചത്. ലെബനൻ അതിർത്തി നഗരമായ മെറൂണ്‍ എല്‍ റാസില്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് ഇസ്രയേലിന്റെ മൂന്ന് മെർക്കാവ ടാങ്കറുകള്‍ തകർത്തതായി ഹിസ്ബുള്ളയും അറിയിച്ചിരുന്നു.
അതേസമയം ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേലിന്റെ സൈനിക മേധാവി അറിയിച്ചു. "ഞങ്ങള്‍ പ്രതികരിക്കും. സുപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കാനും കൃത്യതയോടെയും ശക്തിയോടെയും തിരിച്ചടിക്കാനും ഞങ്ങള്‍ക്ക് കഴിയും," ജെനറല്‍ സ്റ്റാഫ് ഹെർസി ഹലെവി വ്യക്തമാക്കി. അതോടൊപ്പം രാജ്യത്ത് ഇസ്രായേൽ സൈനിക ആക്രമണം സൃഷ്ടിച്ച ആഭ്യന്തര അഭയാർത്ഥി പ്രതിസന്ധി പരിഹരിക്കാൻ ലെബനൻ കോടിക്കണക്കിന് ഡോളർ സഹായം അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 427 മില്യൺ ഡോളറാണ് ആവശ്യപ്പെടുന്നത്.