മോദി സര്‍ക്കാര്‍ ഇസ്രയേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പശ്ചിമേഷ്യയില്‍ യുദ്ധഭീതി വ്യാപിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്ന് 15,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദേശീയ നൈപുണ്യ വികസന സഹകരണത്തിലൂടെയാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യിക്കുന്നത്.

മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും ഖാര്‍ഗെ ‘എക്‌സി’ല്‍ കുറിച്ചു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പും രാജ്യത്ത് നിന്നുള്ള യുവാക്കളെ സംശയാസ്പദമായ ഏജന്റുമാര്‍ കബളിപ്പിച്ചിരുന്നതായും അവിടെയെത്തിയ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

‘അവിദഗ്ധരും അര്‍ധ വൈദഗ്ധ്യമുള്ളവരും അഭ്യസ്തവിദ്യരുമായ യുവാക്കള്‍ യുദ്ധഭീതിയുള്ള മേഖലകളില്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയും ഉയര്‍ന്ന ശമ്പളത്തില്‍ സേവനം ചെയ്യാന്‍ തയ്യാറാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള വ്യാജ മറുപടികളല്ലാതെ മറ്റൊന്നുമല്ല.

സംഘര്‍ഷ മേഖലകളില്‍ ജോലി തേടാന്‍ നിര്‍ബന്ധിതരാകുന്ന ഹരിയാനയിലെ യുവാക്കള്‍ നാളെ ബി.ജെ.പിയെ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം.

04-Oct-2024