സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് പി വി അൻവർ കുരിശ് യുദ്ധം നടത്തുന്നത്: ഗോവിന്ദൻ മാസ്റ്റർ

വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി.

കേന്ദ്രത്തിന് കേരള വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദന്‍ മാസ്റ്റർ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് പി വി അൻവർ കുരിശ് യുദ്ധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .

സ്വർണ കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്ന സ്ഥിതിയുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പുറത്തുകൊണ്ടുപോകുന്നതിൽ യഥാർത്ഥ കുറ്റവാളി കസ്റ്റംസ് ആണ്, അവിടെ ഇടപെടാതിരിക്കാൻ കഴിയാത്ത സ്ഥിതി പൊലീസിനുണ്ടായി. ആ ദൗത്യമാണ് പൊലീസ് നിർവഹിക്കുന്നത്.ഇതിനെതിരായിട്ടുള്ള കുരിശുദ്ധമാണ് അൻവർ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിൽ ഉള്ളത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അഴിമതി വിമുക്തമായ ഒരു പൊലീസ് സംവിധാനം നിലനിൽക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.കുറ്റാന്വേഷണത്തിലും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഒരു ജനകീയ സേനയായി പൊലീസിനെ മാറ്റി.

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ അന്വേഷണം അവസാന ഘട്ടത്തിൽ ആണ്. റിപ്പോർട്ട് കിട്ടിയാൽ ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഒരു പിആർ സംവിധാനവുമില്ല,മുഖ്യമന്ത്രി ഇത് പറഞ്ഞ ശേഷവും സംശയമുണ്ടാക്കുന്ന പ്രചരണമാണ് ചില മാധ്യമങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി

04-Oct-2024