റിപ്പബ്ലിക്ക് സര്‍വ്വേ; ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഹരിയാന- ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആദ്യസൂചനകള്‍ വന്നുതുടങ്ങി. റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. 55 മുതല്‍ 62 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.

ബിജെപി 18- 24, കോണ്‍ഗ്രസ് 55-62, ഐഎന്‍എല്‍ഡി 06-06, ജെജെപി 00-03, മറ്റുള്ളവര്‍ 02-05 എന്നിങ്ങനെയാണ് ഫലസൂചന. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോള്‍ പറയുന്നു.
ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ യഥാക്രമം 61.38 ശതമാനം, 57.13 ശതമാനം, 69.65 ശതമാനം പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീരില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 87.07 ലക്ഷം ആയിരുന്നു. 2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ പിഡിപി 28 സീറ്റുകള്‍ നേടിയിരുന്നു.

ബിജെപി 25 സീറ്റിലും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റിലും വിജയിച്ചു. ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനായി ബിജെപി പോരാടുമ്പോള്‍ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. യുവജന പ്രതിഷേധവും കര്‍ഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്.

05-Oct-2024