റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും വക്കീല്‍ നോട്ടീസയച്ച് എം വി ജയരാജന്‍
അഡ്മിൻ
സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ സി.പി.ഐ(എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടി വിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.
റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി, കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ആര്‍ ശ്രീജിത് എന്നിവരാണ് എതിര്‍ കക്ഷികള്‍. ഒക്ടോബര്‍ 5ന് ‘മുഖ്യമന്ത്രിക്കെതിരെ ചോദ്യം’ , ‘ഹിന്ദു അഭിമുഖ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഐഎം’, ‘മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം ചെയ്ത് ജയരാജന്‍’ എന്നിങ്ങനെയാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്.
ഈ വാര്‍ത്ത അവതരിപ്പിച്ചത് സ്മൃതി പരുത്തിക്കാടും ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്തത് ആര്‍ ശ്രീജിതുമാണ്. എന്നാൽ ഈ രീതിയിൽ ഒരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് അഡ്വ. വിനോദ് കുമാര്‍ ചമ്പോളന്‍ മുഖേന അയച്ച നോട്ടീസില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ജയരാജനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്ത. ആയതിനാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം സിവില്‍ ആയും ക്രിമിനല്‍ ആയും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറഞ്ഞു.