ഫ്രാങ്കോയെ ശിക്ഷിച്ചാലും പൗരോഹിത്യം നഷ്ടമാകില്ല !

എറണാകുളം : ബിഷപ്പ് പട്ടം ചേര്‍ക്കുന്നതിന് വിലക്കില്ലാതെ ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുകയില്ലെന്ന് സഭാ നേതൃത്വം. പൗരോഹിത്യത്തിന്റെ പൂര്‍ണതയെന്ന മെത്രാന്‍ പട്ടവും. പേരിനൊപ്പം 'ബിഷപ്പ്' എന്നു ചേര്‍ക്കുന്നതും നിലവിലുള്ള നിയമപ്രകാരം വിലക്കാനാവില്ല.

സഭാപരമായ ചുമതലകളില്‍നിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്താന്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം സാധിക്കുകയുള്ളു. ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ ബിഷപ് ഫ്രാങ്കോ ഒഴിഞ്ഞെങ്കിലും കേസില്‍ കുറ്റമുക്തനാക്കപ്പെട്ടാല്‍ തിരികെ എത്തുന്നതിന് അദ്ദേഹത്തിന് മുന്നില്‍ വിലക്കുകളൊന്നുമില്ലെന്നാണ് പുരോഹിത സമൂഹം വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും അവര്‍ക്ക് പിന്തുണയുമായി നിന്ന പുരോഹിതരടക്കമുള്ളവര്‍ക്കും സഭയില്‍ പ്രതികാര നടപടികള്‍ നേരിടേണ്ടി വരും.

കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ സമരവുമായി പരസ്യമായി രംഗത്തിറങ്ങിയിട്ടും കടുത്ത നടപടികളിലേക്ക് പോകാത്ത സഭാ നാതൃത്വത്തിന്റെ നടപടി വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്. ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന പുരോഹിത വിഭാഗം കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിശ്വാസികളെയെല്ലാം ഫ്രാങ്കോയ്്കക് അനുകൂലമാക്കി മാറ്റാമെന്ന ആത്മവിശ്വാസത്തിലാണുള്ളത്.

ഫ്രാങ്കോയുടെ മനുഷ്യാവകാശത്തിന് വേണ്ടി കത്തോലിക്ക സഭയിലെ പുരോഹിതരും വിശ്വാസികളും രംഗത്തിറങ്ങാന്‍ അധിക ദിവസമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന പുരോഹിത വിഭാഗം പറയുന്നത്.

23-Sep-2018