കുൽഗാമിനെ വീണ്ടും ചുവപ്പണിയിച്ച് ഇടതു പക്ഷത്തിന്‍റെ വിപ്ലവ പോരാളി യൂസഫ് തരിഗാമി. ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ തരിഗാമി ലീഡ് ഉയർത്തി തന്‍റെ ആധിപത്യം ഉറപ്പിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റഷിയും പിഡിപിയുടെ മുഹമദ് അമിൻ ദറുമായിരുന്നു പ്രധാന എതിരാളികൾ.
കാശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്നണിപ്പോരാളിയും കേന്ദ്ര സർക്കാരിന്‍റെ നിശിത വിമർശകനുമായ തരിഗാമി കേന്ദ്രത്തിൽ ബിജെപി സർക്കാർ ജമ്മു കശ്‌മീരിനോട് കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു തന്‍റെ പ്രചാരണം നടത്തിയത്.
നാഷണൽ കോൺഫറൻസും കോൺഗ്രസും പൂർണ്ണ പിന്തുണയുമായി തരിഗാമിക്കൊപ്പം നിന്നു. സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റഷി രണ്ടാം സ്ഥാനത്തും പി ഡി പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ് മുൻ നേതാവ് സയർ അഹമദ് റഷി സ്വതന്ത്രനായി മത്സരിച്ചത്.
ബിജെപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരു നിഴൽ സഖ്യമാണ് മണ്ഡലത്തിൽ നിലനിന്നിരുന്നത്. എന്നാൽ വർഗീയതയ്ക്ക് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നു പ്രഖ്യാപിച്ച കുൽഗാമിലെ ജനത ഏഴായിരത്തിലധികം വോട്ടുകൾക്കാണ് തരിഗാമിയെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത്.