മഹാരാഷ്ട്രയിൽ എൻ ഡി എ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്
അഡ്മിൻ
മഹാരാഷ്ട്രയിൽ പരാജയ ഭീതിയിൽ എൻ ഡി എ സഖ്യത്തിലെ കൂടുതൽ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ പാട്ടീൽ കഴിഞ്ഞ ദിവസം ശരദ് പവാർ പക്ഷം എൻ സി പിയിൽ ചേർന്നതിന് പിന്നാലെ ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ചുവട് മാറ്റം. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ പാട്ടീലാണ് കഴിഞ്ഞ ദിവസം ശരദ് പവാർ പക്ഷം എൻ സി പിയിൽ ചേർന്നത്.
തൊട്ടു പിന്നാലെ ഷിൻഡെ പക്ഷം യുവ നേതാവും 4 മുൻ കോർപ്പറേറ്റർമാരും ഉദ്ധവ് പക്ഷം ശിവസേനയിൽ ചേർന്നിരുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ഇന്ത്യ മുന്നണിയിലെത്തുമെന്നാണ് സൂചന.
എൻസിപി അജിത് പക്ഷത്തെ മൂന്നു മുതിർന്ന നേതാക്കൾ ശരദ് പവാറിന്റെ പാർട്ടിയിൽ ഉടൻ ചേർന്നേക്കും. മാഡാ എംഎൽഎ ബബൻ നായിക്, മുൻ എംഎൽഎ രമേഷ് തോറാട്ട് എന്നിവരാണ് മറ്റ് നേതാക്കൾ. എൻസിപിയുടെ ശക്തികേന്ദ്രമായ പശ്ചിമ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാക്കളാണു അഞ്ചു പേരുമെന്നത് മേഖലയിൽ ശരദ് പവാറിന്റെ കരുത്തു കൂട്ടും.
ശിവസേനാ ഷിൻഡെ വിഭാഗം നേതാവും കല്യാൺ–ഡോംബിവ്‌ലി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനുമായ യുവജന വിഭാഗം നേതാവ് ദീപേഷ് മാത്രെയാണ് ഉദ്ധവ് പക്ഷത്തേക്ക് തിരികെ പോയത്. ബിജെപിയിലേക്കു ചേക്കേറിയ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യാസഹോദരനും മരുമകളും ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. അതേസമയം, അധികാരത്തിനും പണത്തിനുമായി ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയവരെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് ഉദ്ധവ് താക്കെറെ.