വ്യവസായ സാമ്രാജ്യത്തിനായി ജീവിതം സമർപ്പിച്ച രത്തൻ ടാറ്റ‌

മനുഷ്യസ്നേഹിയായ ബിസിനസുകാരൻ- അതാണ് ജനപ്രിയ ശതകോടീശ്വരനായ രത്തൻ ടാറ്റ. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായില്ലെങ്കിലും ഈ രാജ്യത്തെ മറ്റൊരു കോർപ്പറേറ്റ് സ്ഥാപനത്തിനും ലഭിക്കാത്ത പേരും പാരമ്പര്യവും ടാറ്റാ ഗ്രൂപ്പിന് നേടിക്കൊടുക്കാൻ രത്തന് കഴിഞ്ഞു.

അതിസമ്പന്ന പാഴ്സി കുടുംബത്തിലായിരുന്നു രത്തൻ ടാറ്റയുടെ ജനനം. പത്ത് വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും പിരിഞ്ഞു. പിന്നീട് രത്തൻ ടാറ്റയെ അമ്മൂമ്മ നവാജ്ബായ് ദത്തെടുത്തു വളർത്തി. 1940കളിൽ വിവാഹമോചനം നേടിയ മാതാപിതാക്കളുടെ അനാഥ ബാലൻ എന്നത് വലിയ പരിഹാസത്തിന് കാരണമാകുമായിരുന്നു.

എന്നാൽ ധീരയായ അമ്മൂമ്മയാണ് അന്ന് തളർന്നുപോയ രത്തൻ ടാറ്റയിൽ ആത്മവിശ്വാസം നിറച്ചത്. അമേരിക്കയിലായിരുന്നു ആർക്കിടെക്ച്ചർ പഠനം. പിന്നീട് മൊട്ടിട്ട പ്രണയം നിരാശയായി. ഇതോടെ പിന്നെ വിവാഹമെ വേണ്ടെന്ന് വച്ചു.

രത്തൻ ഇന്ത്യയിൽ മടങ്ങിയെത്തി അദ്ദേഹം ജാംഷെഡ്പൂരിൽ ടാറ്റാ സ്റ്റീലിൽ ജോലിയ്‌ക്ക് കയറി. പിന്നാലെ ടാറ്റയുടെ ഉന്നത പദവികളിലേക്ക്.തുടക്കത്തിൽ കൈവെച്ച സംരംഭങ്ങളിലെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അവ അടച്ചുപൂട്ടേണ്ടി വന്നു. അപ്പോഴും ടാറ്റാ സൺസ് ചെയർമാനായിരുന്ന ജെ.ആർ.ഡി ടാറ്റയ്‌ക്ക് രത്തനിൽ പൂർണ വിശ്വാസമായിരുന്നു.

രത്തൻ ടാറ്റയുടെ അച്ഛൻ നവാൻ ഹോർമുസ്ജി രണ്ടാമത് വിവാഹം കഴിച്ചത് ജനീവയിൽ നിന്നും 23ാം വയസ്സിൽ ഇന്ത്യയിൽ ടൂറിസ്റ്റായി എത്തിയ സൈമൺ ടാറ്റയെ ആയിരുന്നു. സൈമൺ പിന്നീട് വ്യവസായസംരംഭത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു. ലാക്മെ, ട്രെൻറ്, ലാൻറ് മാർക് തുടങ്ങിയ വൻ ബിസിനസ് സംരംഭങ്ങൾ സൈമൺ ടാറ്റ കെട്ടിപ്പൊക്കി. അത് രത്തൻ ടാറ്റയ്‌ക്ക് പ്രചോദനമായി.
1991ൽ ജെ.ആർ.ഡി ടാറ്റ പടിയിറങ്ങിയപ്പോൾ പിൻഗാമിയായി.

ടാറ്റാ സ്റ്റീൽ, ടാറ്റാ ടീ, ടാറ്റാ കെമിക്കൽസ്, ടാറ്റാ ഹോട്ടൽസ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചയിരുന്നു സ്ഥാനാരോഹണം. രത്തൻ ടാറ്റയാണ് ടാറ്റാ ഗ്രൂപ്പിനെ അന്താരാഷ്‌ട്ര ബ്രാൻറാക്കി മാറ്റുന്നതിൽ വലിയൊരു പങ്ക് വഹിച്ചത്. രത്തന്റെ കീഴിൽ ടാറ്റയുടെ ആസ്തി 40 മടങ്ങ് വർധിച്ചു. ലാഭം അൻപത് ഇരിട്ടിയായി.

നേട്ടങ്ങളുടെ നെറുകൈയിൽ പത്മവിഭൂഷൻ അടക്കമുളള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1991 മുതൽ 2012വരെ ചെയർമാനായിരുന്ന ടാറ്റ 2016ൽ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. രത്തൻ ജീവിതത്തിൽ നിന്ന് വിട വാങ്ങുമ്ബോൾ ഇന്ത്യൻ വ്യവസായ രംഗത്തിന് നഷ്ടമാവുന്നത് നൈതികത ഉയർത്തിപ്പിടിച്ച ഒരു ക്രാന്തദർശിയെയാണ്.

10-Oct-2024