വയനാട് പുനരധിവാസം; ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു

വൈത്തിരി കൽപ്പറ്റ വില്ലേജുകളിൽ വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മോഡൽ ടൗൺഷിപ്പ് ഒരുങ്ങും. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടർ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഭൂമി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിലാണ്. 78.73 ഹെക്ടറാണ് എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്.

ഇതിനായി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ദുരന്തശേഷം വയനാട്ടിലെത്തിയ വിദഗ്ധ സംഘം വാസയോഗ്യവും അല്ലാത്തതുമായ ഭൂമി തരംതിരിച്ച് നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി ഏറ്റെടുക്കൽ അടക്കം നടപടികളിലേക്ക് കടന്നത്. ഒന്നാം ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടമായവരേയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരെ രണ്ടാം ഘട്ടത്തിലും പുനരധിവസിപ്പിക്കാനാണ് പദ്ധതി. കരട് പട്ടിക കളക്ടര്‍ തയ്യാറാക്കും. ഇതിനായി വിശദമായ നിർദ്ദേശങ്ങൾ റവന്യു വകുപ്പ് തയ്യാറാക്കും.

അതേസമയം, വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു .
തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു.

10-Oct-2024