തെരഞ്ഞെടുപ്പിൽ നേതാക്കൾ വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചു: രാഹുൽ ഗാന്ധി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ അവലോകന യോഗങ്ങൾ നടക്കുകയാണ്. ഹരിയാനയിലെ തോൽവിക്ക് ശേഷം ഇന്ന് കോൺഗ്രസ് നേതൃത്വം സംസ്ഥാന നേതാക്കളുമായി ആദ്യ സുപ്രധാന കൂടിക്കാഴ്ച നടത്തി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു.

സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഹരിയാന സംസ്ഥാന പ്രസിഡൻ്റ് ഉദയ് ഭാൻ, ഭൂപേന്ദ്ര സിംഗ് ഹൂഡ, ഇൻചാർജ് ദീപക് ബാബരിയ, ഹരിയാന സൂപ്പർവൈസർ അശോക് ഗെഹ്ലോട്ട്, അജയ് മാക്കൻ, പ്രതാപ് സിംഗ് ബജ്‌വ എന്നിവരെയും യോഗത്തിൽ വിളിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നേതാക്കൾ വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

തെരഞ്ഞെടുപ്പിലുടനീളം പാർട്ടിയുടെ താൽപര്യം ദ്വിതീയമാണെന്നും നേതാക്കളുടെ താൽപ്പര്യമാണ് പ്രബലമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അന്വേഷിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കുമെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

10-Oct-2024