മുൻ ബിജെപി സർക്കാരിനെതിരെ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് സിദ്ധരാമയ്യ
അഡ്മിൻ
കർണാടകയില്‍ കോവിഡ് കാലത്ത് ബിജെപി സർക്കാർ നടത്തിയ അഴിമതികള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും മന്ത്രിസഭ ഉപസമിതിയേയും രൂപീകരിച്ച് സിദ്ധരാമയ്യ സർക്കാർ. ബിജെപി ഭരണ കാലത്തെ അഴിമതികള്‍ അന്വേഷിച്ച ജസ്റ്റിസ് ജോൺ മൈക്കൽ ഡികുന്വയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി.
കോവിഡ് കാലത്ത് ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍.ക്രമക്കേടുകള്‍ കാണിച്ചതിന് സംസ്ഥാന അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഓഗസ്റ്റ് 31നാണ് 11 വോള്യമുള്ള കമ്മീഷന്‍ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. കോവിഡ് കാലത്ത് ചെലവായ 7223.64 കോടി വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 55,000 ത്തോളം രേഖകള്‍ പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിക്കവറി നടപടികള്‍ ഉടനടി ആരംഭിക്കാനും ക്രമക്കേടിന്‍റെ ഭാഗമായ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.