ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം കെ സുരേന്ദ്രന് മാറേണ്ടി വരും

അദ്ധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പിന്നിട്ട സംസ്ഥാന, ജില്ലാ തലത്തിലുള്ളവരെ ബിജെപി മാറ്റിയേക്കും. അഞ്ച് വര്‍ഷം ചുമതലയിലിരുന്ന ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ മാറുന്നതോടെ ഈ വ്യവസ്ഥ താഴെ തട്ടിലും കര്‍ശനമായി നടപ്പിലാക്കാന്‍ ബിജെപി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മാറേണ്ടി വരും.

അഞ്ച് വര്‍ഷം പിന്നിട്ട ഏഴ് ജില്ലാ അദ്ധ്യക്ഷന്‍മാരാണ് ബിജെപിക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാരാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. തൃശൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ജില്ലാ അദ്ധ്യക്ഷനെ തുടരാന്‍ അനുവദിച്ചേക്കും. ജില്ലാ അദ്ധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ദേശീയ നേതൃത്വം നേരിട്ടുതന്നെ ഇടപെടും.

സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാവും. സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന നിലപാടാണ് സംഘത്തിനുള്ളത്. അതേ സമയം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അദ്ധ്യക്ഷനെ മാത്രം നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് സംഘടനക്കുള്ളില്‍ നിന്നുള്ള വിവരം.

12-Oct-2024