തൃശൂര്‍ : തങ്ങളിലൊരാള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ നാലു കന്യാസ്ത്രീകള്‍ സദുദ്ദേശ്യത്തോടെ സമരത്തിനിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ആ സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെതിരായ എല്ലാ സമരത്തിലും എത്തുന്ന ഇവര്‍ ഒരു മൊബൈല്‍ സമരവേദിയായി മാറിയിട്ടുണ്ട്. എവിടെയങ്കിലും സമരം വേണോ എന്ന് വിളിച്ചുചോദിച്ചുകൊണ്ട് നടക്കുന്ന ഇവരെ പൊതുസമൂഹം നന്നായി വിലയിരുത്തിയിട്ടുണ്ട്. അഴീക്കോടന്‍ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
സര്‍ക്കാരിനെയും സിപിഐ എമ്മിനെയും താറടിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാവുന്നു. അത് ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. തെരുവില്‍ പ്രക്ഷോഭം നടക്കുന്നോ എന്നു നോക്കിയല്ല പ്രതികളെ അറസ്റ്റു ചെയ്യുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഓരോ ദിവസത്തെയും അന്വേഷണ പുരോഗതി പരസ്യപ്പെടുത്തുന്ന രീതി ഈ സര്‍ക്കാരിനില്ല. അറസ്‌റ്റോടു കൂടി കന്യാസ്ത്രീകള്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിരിക്കാം. അതുകൊണ്ടാണ് അവര്‍ സര്‍്ക്കാരിനും പോലീസിനുമൊക്കെ നന്ദി പറഞ്ഞത്. കോടിയേരി പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തില്‍ നുഴഞ്ഞുകയറിയുള്ള സമരകോലാഹലങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു തന്നെയായിരുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു എം എല്‍ എക്കെതിരെ മാനഭംഗക്കേസ് ഉയര്‍ന്നു. ഒരു ഡസന്‍ നേതാക്കള്‍ക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നു. അന്നൊന്നും കന്യാസ്ത്രീ സമരത്തില്‍ നുഴഞ്ഞുകയറിയ മൊബൈല്‍ സമരവേദിക്കാരെ കാണാതിരുന്നതെന്തേ എന്നും കോടിയേരി ചോദിച്ചു.