അഭിമന്യുവധം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

എറണാകുളം : എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ മഹാരാജാസ് കോളേജില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നേരിട്ട് പങ്കാളികളായ ക്യാമ്പസ് ഫ്രണ്ട്, എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെയാണ് ആദ്യഘട്ടത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്.

ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തില്‍  അഭിമന്യുവിനെ കുത്തിയത് മരട് നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് സഹല്‍ ആണെന്ന് വ്യക്തമാക്കുന്നു.  ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് 84 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം നല്‍കുന്നത്. അഭിമന്യുവിനെയും മറ്റ് എസ് എഫ് എ  പ്രവര്‍ത്തകരെയും കുത്തിയ  ആയുധം, കുത്തിയ ആളുകള്‍ എന്നിവയെക്കുറിച്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 125 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഒന്നാം പ്രതിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, രണ്ടാംപ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ ആരിഫ് ബിന്‍ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, ഒന്നാം വര്‍ഷവിദ്യാര്‍ഥി പത്തനംതിട്ട സ്വദേശി ഫറൂഖ് അമാനി, അബ്ദുള്‍ നാസര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.  30 പ്രതികളുള്ള കേസില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം. ബാക്കി പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അതുംകൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കും. ഇതുവരെ 20 പേരാണ് കേസില്‍ പിടിയിലായത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കും.

അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമീഷണര്‍ എസ് ടി സുരേഷ് കുമാര്‍, അസി. കമീഷണര്‍ കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് സംഘം അഭിമന്യുവിനെ കുത്തി കൊന്നത്.

24-Sep-2018