കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിനെതിരെ യു ഡി എഫ് സമരത്തിനിറങ്ങിയേക്കും

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷം വെട്ടിലായി. ഉയര്‍ന്ന പദവിയുള്ള മത മേലധ്യക്ഷനെ ഒരു കാരണവശാലും പോലീസ് അറസ്റ്റ് ചെയ്യില്ലെന്നാണ് പ്രതിപക്ഷവും കോണ്‍ഗ്രസ് പാര്‍ട്ടിയും കരുതിയിരുന്നത്. ആഭ്യന്തര വകുപ്പ് വളരെ ജാഗ്രതയോടെയും അവധാനതയോടെയും ബിഷപ്പിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ഇരയ്ക്ക് നീതി ഉറപ്പാക്കിയതോടെ പ്രതിപക്ഷം എന്ത് പ്രതികരിക്കണമെന്നറിയാതെ കുഴഞ്ഞിരിപ്പാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കാനുള്ള മടി കാരണം മൂന്ന് തവണയാണ് റൂട്ട് മാറ്റി പോയത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ബിഷപ്പിന്റെ അറസ്റ്റിനോട് പ്രതികരണം ആരാഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നില്ല, ഇരുന്നിട്ട് പ്രതികരിക്കാമെന്നാണ് പലര്‍ക്കും മറുപടി നല്‍കിയത്. ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ പ്രതികരണം നല്‍കാതെ ഒളിച്ചു നടപ്പാണ്.

അവസാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ചോദിച്ചപ്പോള്‍ കത്തോലിക്കാ സഭയെ അപമാനിക്കരുത് എന്നായിരുന്നു മറുപടി. അപ്പോള്‍ അറസ്റ്റ് പാടില്ലെന്നാണോ താങ്കളുടെ നിലപാട് എന്ന ചോദ്യത്തിന് രമേശ് മറുപടി നല്‍കിയില്ല. ക്ഷുഭിതമായ ശരീരഭാഷയാണ് അദ്ദേഹം ഈ വിഷയത്തെ കുറിച്ച് പ്രതികരണമാരായുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. 

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിനെതിരെ യു ഡി എഫ് സമരത്തിനിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കന്യാസ്ത്രീയുടെ കേസ് കെട്ടിച്ചമച്ചതാണെന്ന പി സി ജോര്‍ജ്ജിന്റെ ന്യായം യു ഡി എഫ് ഏറ്റെടുക്കാനാണ് സാധ്യത. ബിഷപ്പിന്റെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യവും യു ഡി എഫ് ഉയര്‍ത്തിക്കൊണ്ടുവരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തിയുള്ള സമര പരിപാടിയാണ് യു ഡി എഫ് ആലോചിക്കുന്നത്. വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ കൃസ്തീയ വിശ്വാസികളുടെ വോട്ട് ഈ നീക്കത്തിലൂടെ ഉറപ്പിക്കാന്‍ കഴിയുമെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്. പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെയു സമരത്തിന് പിന്തുണ നല്‍കിയ കന്യാസ്ത്രീകല്‍ക്കും പുരോഹിതര്‍ക്കുമെതിരെ സഭകള്‍ നടപടികള്‍ കൈക്കൊള്ളുന്നത് യു ഡി എഫിന് ആശ്വാസമേകുന്ന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. അത്തരം നടപടികള്‍ യു ഡി എഫിന്റെ സമരത്തിന് അനുകൂലമായി മാറുമെന്നാണ് യു ഡി എഫ് വക്താക്കള്‍ കരുതുന്നത്.

24-Sep-2018