വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾക്കു പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തി : മേയർ ആര്യാ രാജേന്ദ്രൻ
അഡ്മിൻ
ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്കു പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമഗ്രമാറ്റം കൈവരിക്കാൻ വിദ്യാഭ്യാസ മേഖലക്കു കഴിഞ്ഞതായും മേയർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്രിയേറ്റീവ് കോർണറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ഗവ. എച്ച് എസിൽ നിർവ്വഹിക്കുകയായിരുന്നു മേയർ.
പരമ്പരാഗതമായി നിലനിന്നിരുന്ന ലാബുകൾക്കപ്പുറം അറിവും തൊഴിലും തമ്മിൽ കൂട്ടിയിണക്കി യുപി തലം മുതൽ കുട്ടികൾക്ക് ക്രിയാത്മകവും പ്രവർത്തനാധിഷ്ഠിതവുമായ വിദ്യാഭ്യാസ കാഴ്ചപ്പാട് നൽകുകയാണ്. യന്ത്രവൽക്കരണ സമൂഹത്തിൽ നിന്നും അറിവും തൊഴിലും സംയോജിപ്പിച്ച് നവ വികസന ദിശാബോധമാണ് ക്രിയേറ്റീവ് കോർണറുകളിലൂടെ പങ്കുവയ്ക്കുന്നത്. സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 600 ക്ലാസ്സ് മുറികളാണ് ക്രിയേറ്റീവ് കേർണറുകളായി മാറുന്നതെന്നും മേയർ പറഞ്ഞു.
വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നെപുണി വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾ ആരംഭിക്കുന്നത്. വയറിംഗ്, പ്ലമിംഗ്, വുഡ് ഡിസൈനിംഗ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭാ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ അഡീഷണൽ എസ് പി ഡി ഷൈൻമോൻ എംകെ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ ബി ഷാജി, ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ശ്രീകുമാരൻ ബി, കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ ഷൈജു പി, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ പ്രമോദ് പി, വാർഡ് കൗൺസിലർ ശിവകുമാർ വി, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ വിദ്യാവിനോദ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് കെ വി, പ്രഥമാധ്യാപകൻ ബിജു എഎസ്, സ്‌കൂൾ ചെയർമാൻ കൈലാസ് നാഥ് എസ് തുടങ്ങിയവർ പങ്കെടുത്തു.